Tuesday, January 5, 2010

My trip to Vailankanni.

കഴിഞ്ഞ പതിനെട്ടാം തീയതി ഞങ്ങള്‍ വെലാങ്കന്നിയില്‍ പോയി. ഒത്തിരി അത്ഭുത സംഭവങ്ങള്‍ നടന്നിട്ടുള്ള ആ പുണ്യ സ്ഥലത്തേക്കുള്ള യാത്ര അവിസ്മരണീയ മായിരുന്നു. ദൈവം ഓരോരുത്തരുടെയും ജീവിതത്തില്‍ ഇടപെട്ട കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്കും ഒരാഗ്രഹം, എന്റെ ജീവിതത്തിലും ഇങ്ങനെ ഓരോന്ന്  പറയാന്‍ ഉണ്ടായിരുന്നെങ്കില്‍ ! അതിനെ കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍ ഈശോ എന്റെ ഉള്ളിലും ചില ചിന്തകള്‍ തന്നു. ഒന്നാമത് അത്ഭുതങ്ങള്‍ സംഭവിക്കണമെങ്കില്‍ എന്റെ ജീവിതം അതിനുള്ള അര്‍ഹത നേടിയിരിക്കണം. എന്റെ ആദ്യത്തെ പരിശ്രമം ആ യോഗ്യത നേടുക എന്നത് തന്നെയാകണം.
പിന്നെ മറ്റൊരു ഗൌരവമായ സംഗതി കൂടിയുണ്ട്. എന്റെ ഈശോ എന്നെ നോക്കി തന്നെ നില്പാണ് . മറ്റൊന്നിനുമല്ല, ഇവന്‍ ഈ അടയാളങ്ങളൊക്കെ കണ്ടിട്ട് എന്തെങ്കിലും മാറ്റം വന്നോ എന്നറിയാന്‍ വേണ്ടിത്തന്നെ. അതൊരു പുതിയ വെളിച്ചമായിരുന്നു. ദൈവം ഒരു അത്ഭുതം കാത്തിരിക്കുന്നു. എന്റെ ജീവിതത്തിന്റെ സമൂല പരിവര്‍ത്തനം എന്ന അല്ഭുതത്തിനായി ! നഷ്ടപ്പെട്ടുപോയ മകനെ കാത്തിരുന്ന പിതാവിനെപ്പോലെ, എന്റെ യേശു എന്നെയും നോക്കിയിരിക്കുന്നു. ഞാന്‍ സ്നേഹിക്കുന്ന എന്റെ ചെറിയോന്‍ എന്റെ വിശുദ്ധിയില്‍ പങ്കുകാരനാകാന്‍ തയ്യാറാകും. അവന്‍ ഈ ലോകത്തിന്റെ സ്നേഹം തിരിച്ചറിയും. എന്നെ തേടി വരും. ഈശോ കാത്തിരിക്കുകയാണ് .
എന്നാല്‍ ഞാനോ ഒരു അടയാളവും നോക്കിയിരിക്കുകയാണ് . ഇത്രമാത്രം  സ്നേഹവും കരുണയും അനുഭവിച്ചിട്ടും ഇനിയും ഒന്നുകൂടി കിട്ടിയിരുങ്കില്‍ വിശ്വസിക്കാമായിരുന്നു. എന്റെ ഈശോ എന്നെ സ്നേഹിക്കുന്നുവെന്ന് !
ഉവ്വ്, ഈശോ പറഞ്ഞിട്ടുണ്ട് എന്റെ നാമത്തില്‍ എന്തെങ്കിലും ചോദിച്ചാല്‍ ഞാനത് നിങ്ങള്‍ക്ക് തരും. അതിനു മുന്‍പ് ഒരു വ്യവസ്ഥ ഈശോ വച്ചിരുന്നു. അത് ഞാന്‍ കണ്ടില്ലെന്നു മാത്രം. നമുക്ക് കാര്യം നടന്നാല്‍ മതിയല്ലോ. അവിടുന്ന് പറഞ്ഞിട്ടുണ്ട് നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വചനം നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്താല്‍ ഇഷ്ടമുള്ളത് ചോദിച്ചു കൊള്ളുക, ഞാനത് ചെയ്തു തരും.
 അവിടെയാണ് പ്രശ്നം.
അവന്റെ വചനത്തില്‍ നിലനില്‍ക്കുക. അതല്പം കടുപ്പമാണ്. ദ്രോഹിച്ച്ചവരോട് ക്ഷമിക്കാന്‍ പറഞ്ഞാല്‍ പറ്റുമോ ? കടം കൊടുത്തവനോട് തിരിച്ചു ചോദിക്കരുതെന്ന് പറഞ്ഞാല്‍ പറ്റുമോ ? സദ്യ നടത്തുമ്പോള്‍ വഴിയെ പോകുന്ന പാവങ്ങളെ  വിളിച്ചിരുത്താന്‍ പറ്റുമോ ?
പുറം കുപ്പായം ചോദിക്കുന്നവന് മേലങ്കി കൂടെ കൊടുക്കാന്‍ പറ്റുമോ ?
ഒരു ചെകിടത്ത് അടിക്കുന്നവന് മറ്റേ ചെകിട് കൂടി കാട്ടി കൊടുക്കാന്‍ പറ്റുമോ ?
ഇതൊന്നും നടക്കുന്ന കാര്യമല്ല. ഈശോ അതൊന്നും ഉദ്ദേശിച്ചിട്ടുണ്ടാവില്ല. നല്ല പോലെ ജീവിക്കണം. മറ്റുള്ളവര്‍ക്ക് ഉപദ്രവമൊന്നും ഉണ്ടാക്കരുത്. അതില്‍ കൂടുതലൊന്നും ഈശോ ആഗ്രഹിക്കുന്നുണ്ടാവില്ല.
ഇങ്ങനെയൊക്കെയായിരുന്നു എന്റെയും ചിന്തകള്‍.
പക്ഷെ ഇന്ന് ഈശോ എന്നെ പഠിപ്പിക്കുന്നു. നിനക്ക് ചെയ്യാനാവാത്ത ഒരു കാര്യവും നിന്നില്‍ നിന്നും ഞാന്‍ ആവശ്യപ്പെടില്ല. നീ എന്റെ മുഖം തേടുക, എന്റെ മുഖത്തേക്ക് നോക്കുക, നിന്നെ ഞാന്‍ എന്റെ വചനം പാലിക്കാന്‍ ശക്തനാക്കും. എന്റെ വാഗ്ദാനങ്ങള്‍ നിന്നില്‍ നിറവേറും. അവ വിശ്വസിച്ച നീ ഭാഗ്യവാനെന്നു ലോകം പറയും.
ഈശോയെ എന്നെ നിന്റെ വിശുദ്ധിയില്‍ പങ്കാളിയാക്കണേ.
നീ ഒരുക്കുന്ന കൂദാശകള്‍ വഴി എന്നെയും ഒരുക്കണേ.
എന്നെ കഴുകി ശുധീകരിക്കണേ. ഒടുവില്‍ ഞാനും ആ വചനത്തില്‍ നിലനില്‍ക്കുന്നവന്‍ ആയി തീരട്ടെ.
ആമേന്‍ !

No comments:

Post a Comment